പ്രാപഞ്ചിക ഊർജ്ജം മനുഷ്യൻ്റെ സ്ഥൂല ശരീരത്തിലെ ഷഡ്ചക്രങ്ങളിലൂടെ (whirling circular energy motions) പ്രസരിച്ചു കൊണ്ടേയിരിക്കുമ്പോൾ, മൂലാധാരം അഥവാ നദീതട ചക്രവും, കണ്ഠപ്രദേശത്തെ വിശുദ്ധി ചക്രവും വളരെ പ്രാധാന്യമർഹിക്കുന്ന ഇടങ്ങളാണ്. അതെ, നാഭിയും നാക്കും തമ്മിൽ അഭേദ്യമായ ബന്ധം തന്നെയാണുളളത്. കാരണം, ഈ ഇടങ്ങളിൽ വളരെയധികം ഊർജ്ജം വ്യയം ചെയ്യപ്പെടുന്നതിനാൽ ജീവന് വേഗം ക്ഷീണവും ക്ഷയവും ഉണ്ടാകുകയും, ഊർജ്ജത്തിൻ്റെ തുടർച്ചയായ പുന:പൂർത്തീകരണം (replenishment) ആവശ്യമായി വരുകയും ചെയ്യും. മൂലാധാരം അഥവാ, നാഭീതട പ്രദേശം, അതിജീവനത്തിന്റേയും പരമ്പരയുടെ കണ്ണികൾ സൃഷ്ടിക്കുന്നതിന്റേയും ഊർജ്ജവിക്ഷേപണ തറയാണ്, (launch pad). ഈ മൂലാധാര പ്രദേശം ആണ് സമഷ്ടിയുടെ, സൃഷ്ടിയുടെ, എല്ലാം ആധാര കേന്ദ്രം. ശബ്ദ സ്പന്ദനങ്ങളിലൂടെ, സ്പോടനത്തിലൂടെ സൃഷ്ടിയുടെ ആരംഭം കുറിക്കുന്നതും ഇവിടെ തന്നെ.
ആദി പരാശക്തി ഉണർന്നുയർന്ന് വൈഖരി ഭാവത്തിൽ ബാഹ്യ ലോകത്തിലേക്ക് പ്രസരിക്കുന്നത് കണ്ഠത്തിലൂടെയാണ്. ഈ ശബ്ദ ഊർജ്ജ പ്രസരണത്തിന് രൂപവും ഭാവവും താളവും കൊടുക്കുന്നത് വായിലെ നാവിൻ തുമ്പ് തന്നെയാണ്…
വൈവിദ്ധ്യമാർന്ന ഈ സ്ഥൂല പ്രപഞ്ചത്തിലെ നാനാവിധ ജീവജാലങ്ങളും വർണ്ണവിസ്മയങ്ങളും ഭാഷകളും, അനന്തമായ, അതിസൂക്ഷ്മമായ ആദ്ധ്യാത്മിക ക്യാൻവാസിൽ ആരോ വരച്ച ഒരു വർണ്ണവിസ്മയം തന്നെ! ആ ചിത്രകാരന്റെ കൈയ്യിലേ ബ്രഷിൻ്റെ ഒരോ ചലനവും ഈ മാന്ത്രിക വിസ്മയ ചിത്രം അനുനിമിഷം മായ്ച്ചുകൊണ്ട് പോയിട്ടേയിരിക്കും. നാം ഓരോരുത്തരും ഈ ചിത്രകാരന്റെ നിറക്കൂട്ടിലെ ഒരു തരി മാത്രമാണ്…
ചോദ്യം:
(ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും)
സരസ്വതി ദേവിയുടെ ശ്ലോകത്തിൽ ഈ ‘വരദേ കാമരൂപിണി’ എവിടെ നിന്നും വന്നൂ, ശരിക്കും “ജ്ഞാന’ രൂപിണി അല്ലേ ദേവി ആരെങ്കിലും നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ മാറ്റി ചേർത്തതാണോ, ഗുരുക്കന്മാർ വ്യക്തമാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
ഉത്തരം
അർത്ഥം കാമം മോക്ഷം…
ഇതെല്ലാമാണ് ജീവിത സാഫല്യത്തിന് അനിവാര്യമായ ഘടകങ്ങൾ എന്നാണല്ലോ നമ്മുടെ ഗുരുക്കന്മാർ പറഞ്ഞു തന്നിട്ടുള്ളതും പഠിപ്പിച്ചതും… ഈ വിദ്യാരംഭവേളയിൽ, ഈ ചോദ്യത്തിന് തീർച്ചയായും പ്രസക്തി ഏറുന്നു… വാക് ദേവത എല്ലാവരേയും ശബ്ദധ്വനി വാക്കുകളിലൂടെ ഓരോരുത്തരുടേയും ബുദ്ധിയിൽ വെളിച്ചവും തെളിച്ചവും കൊടുക്കട്ടെ; അവരുടെ എല്ലാം അന്തിമ ലക്ഷ്യമായ ‘മോക്ഷ’ത്തിലേയ്ക്കുള്ള വഴി തെളിയിക്കട്ടെ! അർത്ഥം (യഥാർത്ഥ സമ്പത്ത്), കാമം ഈ രണ്ട് ഗുണങ്ങളും ‘മോക്ഷ’ത്തിലേയ്ക്ക് നയിക്കും…
ഇവിടെ വാക്കുകളുടെ അർത്ഥം വേണ്ടവിധം ഉൾക്കൊള്ളാതെ, വേണമെങ്കിൽ ആർക്കും ദുർവ്യാഖ്യാനം ചെയ്യാം… അത് സത്യമാകില്ല. ഉദാ: കാമം, കാമ ശാസ്ത്രം, കാമുകൻ, കാമദേവൻ… തുടങ്ങി പല കൂട്ടുവാക്കുകൾ ഉണ്ട്. ഇവിടെയെല്ലാം ‘കാമം’ ചേർത്തിണക്കിയ വാക്കുകൾ ആണ്, അല്ലേ? കാമം കർമ്മം ചെയ്യാനുള്ള ജീവൻ്റെ ഉത്തേജന, പ്രേരണ ഊർജ്ജമാണ്, ശക്തിയാണ്… ജീവൻ്റെ നിലനില്പിന് അനിവാര്യമായ ഗുണം ആണ്.
അർത്ഥം (സമ്പത്ത്) ആർജ്ജിക്കാനും ആസ്വദിക്കാനും പരമ്പരകളിലൂടെ ജീവന്റെ കണ്ണികൾ നിലനിർത്താനും കാമം ഉതകും. കാമം പരമ്പരയുടെ കണ്ണികൾ ഉണ്ടാക്കാനായി ‘ഇണ’ ചേരുന്ന ഒരു ക്രിയ (കർമ്മം) മാത്രമല്ല… ജീവനുണ്ടാകാവുന്ന സകല ആഗ്രഹങ്ങളും (desires) അവ ആർജ്ജിക്കാനുള്ള സകലവിധ കർമ്മങ്ങളും ലീലാവിനോദങ്ങളും ഈ ‘കാമം’ എന്ന ഗുണം കൊണ്ട് ഉണ്ടാകുന്നതാണ്. അതെ, ഏതും അധികമായാൽ വിപരീത ഗുണം (ദോഷം) ചെയ്യും. കാമം ഇല്ലെങ്കിൽ പിന്നെ ഒന്നിനും അർത്ഥം ഇല്ലാതാകും… അതായത്, മോക്ഷ അവസ്ഥ മാത്രം നിലനിൽക്കും!.. മോക്ഷാവസ്ഥയിൽ ഉള്ള ആത്മാവിന് ശരീരം പേറി ജനിക്കേണ്ടതും ഇല്ല.
സരസ്വതി പെണ്ണ് ആയിട്ടും, പെണ്ണ് വെറും ചെറുക്കന്മാർക്ക് ശാരീരിക അഭ്യാസം ചെയ്യാനുണ്ടായ ഒരു ‘പാട്ട’ ഉപകരണം മാത്രമായും കാണുന്ന പ്രവണത തീർച്ചയായും ദോഷം ചെയ്യും. ഈ വിദ്യാരംഭദിനത്തിൽ, അമ്മ ഭവാനി ഭാരത ഭൂമിയിൽ വളരുന്ന സകല പ്രാണികൾക്കും സത് ബുദ്ധി കൊടുത്ത് നേർവഴി കാണിക്കട്ടെ!
മസ്തിഷ്കത്തിലും മനസ്സിലും വാക് ശുദ്ധി ഉണ്ടാകട്ടെ ഇത്രയും ഇവിടെ കുറിക്കാൻ ഇടയായതിന് നന്ദി!

