ആദ്ധ്യാത്മികം

അണ്ണാൻ കണ്ട കടൽ

മരച്ചില്ലകൾ പാടി നടന്ന അണ്ണാൻ ഏതോ ഒരു പൗർണമി നാളിൽ, തിരികെ ഇനി തന്നുടെ മേടയിൽ പോകണ്ടായെന്ന തീരുമാനം എടുത്തു. ആരും അറിയാതെ, ഓർമ്മ വച്ച നാൾ മുതൽ കയറി ഇറങ്ങിയിരുന്ന മരത്തിൽ ഒന്നുകൂടി കയറി ഇറങ്ങി സലാം പറഞ്ഞു അകലയുള്ള ആഴി നോക്കി നടന്നകന്നു.

ചാട്ടവും ചിലയും നിർത്തിശാന്തനായി അണ്ണാൻ ലക്ഷ്യം നോക്കി നടന്നു. മൈലുകൾ താണ്ടി അസ്‌തമനത്തിന് നാഴികകൾ അവശേഷിക്കേ ആഴിയുടെ തീരം പൂകി. ചെറിയ കൈകൾ ഉയർത്തി രണ്ട് കാലുകളിൽ നിന്ന് അങ്ങ് അകലെ മുങ്ങി താഴ്‌ന്ന് പോയിരുന്ന സൂര്യനെ നോക്കി പറഞ്ഞു: എന്നും എൻ്റെ മേടയിൽ വന്ന് ആ കരങ്ങൾ തൊട്ട് എന്നെ ഉണർത്തിയിരുന്ന അങ്ങ് ഇന്നു ഞാൻ തേടി വന്ന ആഴിയിൽ ഇതാ മുങ്ങി താഴുന്നു….. ‘ആഴി കാണാത്ത അണ്ണാൻ’ എന്ന് ആൾക്കാർ എന്നെ കളിയാക്കാൻ തുടങ്ങിയ അന്ന് തുടങ്ങിയ അഭിനിവേശം ആണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്.

എന്നാൽ, കഷ്ടം! എന്നെ എന്നും ഉണർത്തുമായിരുന്ന സൂര്യൻ ഇതാ ഇവിടെ ഞാൻ തേടി വന്ന ആഴിയിൽ തന്നെ ആണ്ടു പോകുന്നു… ഞാൻ ആഴി കണ്ട വിവരം എങ്ങിനെ നാട്ടിൽ പറയും?…

തനിക്കു ഉൾക്കൊള്ളാൻ കഴിയാത്ത അനന്ത വിശാലതയും ആഴവും ഉള്ള ആഴിയിൽ കൃശശരീരനായ ഈ ഞാൻ എങ്ങനെ ഇതിൽ ഇറങ്ങി ഈ ഗാംഭീരത അറിയും?… സാക്ഷാൽ സൂര്യദേവനെ വിഴുങ്ങിയ കടലിൽ ഈ ഞാൻ ആര്? കൈകുമ്പിളിൽ ഇത്തിരി കടൽ വെള്ളം എടുത്തിട്ട് അണ്ണാൻ മൊഴിഞ്ഞു; “ഞാൻ കണ്ടു, കടൽ കണ്ടു!”

തിരിഞ്ഞു നടക്കുമ്പോൾ കാവിമുണ്ട് മൂടി, കമണ്‌ഡലവും വടിയും കൊടിയും ഏന്തി ഒരു രൂപം നടന്നു വരുന്നതു കണ്ട് അണ്ണാൻ അറിയാതെ ചിലച്ചു; എന്നിട്ട് പഴയ മരം തേടി നടന്നകന്നു. സത്യം സരളമാണ്!!..

നിർമ്മലമായ നിശ്ചലമായ ജലരാശിയിൽ സൂര്യബിംബം തിളങ്ങുന്നതു പോലെ അറിവ് മനസ്സിൽ പതിഞ്ഞാൽ എല്ലാം സരളമാണെന്ന് ബോദ്ധ്യമാകും. അതിനായി മനസ്സ് നിശ്ചലമാക്കാനും നിർമ്മലമാക്കാനും അഭ്യസിക്കണം. അന്യഥാ, കുരുങ്ങിയ നൂലാമാലയുടെ കെട്ടഴിക്കാൻ പാടുപെടുന്നതുപോലെ ജ്ഞാനിയെന്ന് അഭിമാനിക്കുന്നവർ ഭാഷ കൈകാര്യം ചെയ്യാനും ആശയവിനിമയത്തിനും വേണ്ടി ശ്രമം നടത്തേണ്ടി വരും!..

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു