കുറെ വലിയ കന്നാസുകളിൽ
വാരി നിറയ്ക്കാവുന്നത്ര
മണ്ണ് മാത്രമേയുള്ളൂ ഇന്ന്
എൻ്റെ ഈ കൊച്ചു കേരളത്തിൽ
വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾ
മാത്സര്യത്തിൻ്റെ കരിമണലിൽ
കാരിരുമ്പു മുനയുള്ള
കളകളായി വളരുന്നു
കതിരണിയാതെ
മദ്യവും മാംസവും മലിനജലവും
ഈ മണ്ണിൽ
സംസ്കരിക്കപ്പെടുന്നു.
അനേക വക്തങ്ങളിൽ, നാസാദ്വാരങ്ങളിൽ
സിരോപടലങ്ങളിൽ
അവ വീണ്ടും സംസ്ക്കരിച്ച് സംസ്കരിച്ച്
രക്തരേണുക്കളിൽ
ജീനുകളിൽ
ശുക്രനായി ശുക്രനായി
രണഭൂമിയിൽ
കൗരവപ്പടയായി
പിറന്നു വീഴുന്നു.
ആടി നടക്കുന്ന അനേകം കോമരങ്ങൾ
ഈ മണ്ണിൽ ചാമ്പലാകുന്നു.
അതെ, ചെറുവിരൽ പോലെ ചെറിയ
ഈ നാട്ടിൽ
പെരുവിരലുകളും ചൂണ്ടുവിരലുകളും
ചൂതാട്ടത്തിന്റെ കുറികൾ
നറുക്കിട്ടെടുക്കുന്നു.
കുമ്പു ചെത്തിയ, മണ്ടപോയ കേരവൃക്ഷങ്ങളും
വറ്റിവരണ്ടുപോയ കുളങ്ങളും
പൂപ്പായൽ മുടിയടച്ച
പുഞ്ച നെൽപ്പാടങ്ങലും
ആകാശത്തിൽ പറന്നു മറയുവാൻ
പിടയുന്ന
മീനുകളും, പാമ്പുകളും,br> എല്ലാം….
ഒരു പഴയ കീറിയ ക്യാൻവാസിലെ
ചിത്രങ്ങൾ!!!
ഞാൻ കവിയല്ല,
എനിക്കറിയില്ല
എങ്കിലും ഒന്നറിയാം
കാത്തിരിക്കുന്നോരമ്മതൻ ക്ഷമയുടെ
മലയിടിഞ്ഞാകിലോ
കണ്ണുനീർ കടലിന്റെ
തിരിയടിച്ചാകിലോ
ഈ രണഭൂമിയിൽ
വസിക്കുവതിനിടം തേടി
അലയുമൊരു തലമുറയ്ക്കായ് വരും
തിരികെയെൻ കൊച്ചു കേരളം
വളരും
സ്വർഗ്ഗമായ് ഹരിതഭൂമിയായ്,
കിനാവിലെങ്കിലും നിശ്ചയം!
കാത്തിരുപ്പ്

