സകല ജീവികളും അതാതിൻ്റെ പ്രത്യേക കർമ്മ പാസ്ഥാവിലൂടെ ചരിക്കുന്നതും നിലനിൽക്കുന്നതും അതിന്റേതായ ആത്മജ്യോതിസ്സിന്റെ, ആത്മസ്പുരണത്തിന്റെ. വെളിച്ചത്തിലാണ്. അതെ, ബോധവലയത്തിലാണ്.
മിന്നാമിനുങ്ങിൻ്റെ (glow worm) പ്രഭാവലയവും ലോകം മുഴുവൻ വെളിച്ചം പകരുന്ന സൂര്യന്റെ വലയവും താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. ഇതുപോലെ തന്നെയാണ്, ഓരോമനുഷ്യൻ്റെയും ബോധവലയം. ഇത് ആത്മാവിൻ്റെ ഭൗതിക ലൗകിക കർമ്മങ്ങളുടെ ബാദ്ധ്യതകൾ അനുസരിച്ച് ആനുപാതികമായി കൂടിയും കുറഞ്ഞും അനുഭവപ്പെടാം. അറിവും അധികാരവും ഭൗതിക സമ്യദ്ധിയും സമ്പത്തും ഒന്നും തന്നെ ഈ വെളിച്ചത്തിൻ്റെ, തെളിച്ചത്തിൻ്റെ വിസ്തൃതി കൂട്ടുകയില്ല! പിന്നെ എന്താണ് ഈ ആത്മീയ അവബോധം ഉണരുന്നതിൻ്റെ പിന്നിലെ പൊരുൾ?
ലൗകിക ഭൗതിക ലോകത്തിലെ യാതൊരുവിധ അദ്ധ്യയനവും അഭ്യാസവും കൊണ്ട് ആത്മാവിന് തെളിച്ചം ഉണ്ടാവുകയില്ല. മറിച്ച്, ബുദ്ധിവികാസം ഉണ്ടായി ആത്മാവ് ഭ്രമിച്ച്, പതിന്മടങ്ങ് ഊക്കോടെ ലൗകിക ഭോഗത്തിൻ്റെ ചുഴിയിൽ പെട്ട് പൊലിഞ്ഞു പോകുന്ന അവസ്ഥയാണ് സംഭവിക്കുക.
പിന്നെ എന്താണ്, എന്തു കൊണ്ടാണ്, എങ്ങനെയാണ് അവനവൻ്റെ ആത്മജ്യോതിയുടെ, ശുദ്ധ ബോധ കണികയുടെ, പ്രഭാവലയത്തിൻ്റെ വിസ്ത്യതി കൂട്ടുക? ഇത് കൂട്ടാൻ കഴിയില്ല, കൂടുകയാണ്! എന്താണ് ഇതിൻ്റെ പിന്നിലെ രഹസ്യസൂത്രം? ശുദ്ധത!
കറപിടിച്ച വസ്ത്രവും കരി പിടിച്ച സ്വർണ്ണനാണയവും ഉരച്ച് ഉരസി വൃത്തിയാവുന്നതുപോലെ, ആത്മാവിനെ ആവരണം ചെയ്യപ്പെട്ട അറിവ്, അഴിയണം.. എങ്കിൽ മാത്രമേ ‘അറിവ്’ ഒരു ‘മറ’ ആവാതിരിക്കൂ! ഇത് എങ്ങനെ സാധിക്കുന്നു? ഉത്തരം കണ്ടുപിടിക്കേണ്ട സമയം തന്നെ…
ഓർക്കുക, നിങ്ങളുടെ ഓരോ ചലനങ്ങളും കർമ്മങ്ങളും ബന്ധങ്ങളും, എന്തിന് ഉശ്ചാസനിശ്വാസങ്ങൾ പോലും, ആത്മാവിൻ്റെ കെട്ടുകൾ മുറുക്കുകയോ, അഴിക്കുകയോ ചെയ്യുന്നതാണ്. മിക്ക മനുഷ്യർക്കും ഭക്തി ഒരു വികാരമാണ്, ആലോചന അല്ല!

