മി. മൂർത്തി,
താങ്കളുടെ മുന്നിൽ
ആഗ്രഹനിവൃത്തിക്കായി
ഞാൻ
കൈകൾ കൂപ്പി നിന്നപ്പോൾ,
ചെത്തിമിനുക്കിയ, പോളീഷു ചെയ്ത
കൽപ്രതിമ പോലെ
താങ്കൾ അന്ന് എന്റെ മനോമന്ദിരത്തിൽ
കയറി കൂടിയല്ലോ?..
ആവലാതികൾ പറഞ്ഞ്
ഞാൻ കരയാതെ കരഞ്ഞല്ലോ…
മി. മൂർത്തി,
അപ്പോഴെല്ലാം, താങ്കൾ
എന്റെ തലയ്ക്ക് മുകളിലൂടെ
അനന്തതയിലേയ്ക്ക്
നോക്കുന്നത് ഞാൻ കണ്ടു
എനിക്കും പിറകിൽ
വന്നവരുടെ
ആരതിയും,
സ്വർണ്ണതളികയിലെ
പൂക്കളും കണ്ട്
കണ്ണ് ചിമ്മുന്നതും കണ്ടു…
നമ്മൾ കണ്ടിട്ട് നാളുകൾ
ഏറെയായി,
കൂട്ടുകാർ പറയുന്നു താങ്കളെ
വിളിച്ചാൽ വിളിപ്പുറത്ത്!!!.
മി.മൂർത്തി,
പറയൂ താങ്കൾ
ഇപ്പോൾ എവിടെയാണ്?…
രവീന്ദ്രനാഥ്












