കവിതകൾ

കാത്തിരുപ്പ്

കുറെ വലിയകന്നാസുകളിൽ
വാരി നിറയ്ക്കാവുന്നത്ര
മണ്ണ് മാത്രമേയുള്ളൂ ഇന്ന്
എന്റെ ഈ കൊച്ചു കേരളത്തിൽ

വിഷലായനിയിൽ കുതിർന്നു വീർത്ത വിത്തുകൾ
മാത്സ്യര്യത്തിന്റെ കരിമണലിൽ
കാരിരുമ്പു മുനയുള്ള
കളകളായി വളരുന്നു
കതിരണിയാതെ

മദ്യവും മാംസവും മലിനജലവും
ഈ മണ്ണിൽ
സംസ്കരിക്കപ്പെടുന്നു.
അനേക വക്ത്രങ്ങളിൽ, നാസാരന്ധങ്ങളിൽ
സിരോപടലങ്ങളിൽ
അവ വീണ്ടും സംസ്കരിച്ച്
രക്തരേണുക്കളിൽ,
ജീനുകളിൽ
ശുകനായി ശുക്രനായി
രണഭൂമിയിൽ
കൗരവപ്പടയായി
പിറന്നു വീഴുന്നൂ

ആടി നടക്കുന്ന അനേകം കോമരങ്ങൾ
കോലങ്ങൾ കത്തിച്ച്
ഈ മണ്ണിൽ ചാമ്പലാകുന്നു

അതെ, ചറുവിരൽ പോലെ ചെറിയ
ഈ നാട്ടിൽ
പെരുവിരലുകളും
ചൂണ്ടുവിരലുകളും
ചൂതാട്ടത്തിന്റെ കുറികൾ
നറുക്കിട്ടെടുക്കുന്നു.

കൂമ്പു ചെത്തിയ, മണ്ടപോയ കേരവൃക്ഷങ്ങളും
വറ്റിവരണ്ടുപോയ കുളങ്ങളും
പൂപ്പായൽ മൂടിയടച്ച
പുഞ്ച നെൽപ്പാടങ്ങളും
ആകാശത്തിൽ പറന്നു മറയുവാൻ
പിടയുന്ന
മീനുകളും, പാമ്പുകളും എല്ലാം…
ഒരു പഴയ കീറിയ ക്യാൻവാസിലെ
ചിത്രങ്ങൾ!!!

ഞാൻ കവിയല്ല, എനിക്കറിയില്ല
എങ്കിലും ഒന്നറിയാം,
കാത്തിരിക്കുന്നോരമ്മതൻ ക്ഷമയുടെ
മലയിടിഞ്ഞാകിലോ
കണ്ണുനീർ കടലിന്റെ
തിരയടിച്ചാകിലോ
ഈ രണഭൂമിയിൽ വസിക്കുവതിനിടം തേടി
അലയുമൊരു തലമുറയ്ക്കായ് വരും,
തിരികെയെൻ കൊച്ചു കേരളം വളരും
സ്വർഗ്ഗമായ് ഹരിതഭൂമിയായ്,
കിനാവിലെങ്കിലും നിശ്ചയം!

രവീന്ദ്രനാഥ് വി.എസ്സ്

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു