കഴിഞ്ഞു പോയ കുറെ ഏറെ വർഷങ്ങൾക്ക് മുമ്പ്, ഒരു രാത്രിയുടെ നാലാം യാമത്തിൽ,
സാക്ഷാൽ ഭഗവാൻ സത്യ സായി ബാബ തന്ന ഒരു സ്വപ്ന ദർശനം എന്നും ഇന്നും പകൽ വെളിച്ചത്തിലേതു പോലെ മനസ്സിൽ തങ്ങി നില്ക്കുന്നുണ്ട്.
സ്വപ്നം ഇതാണ്.
ഞാൻ എട്ടാം തരത്തിൽ ഒരു വർഷം മാത്രം പഠിച്ചിരുന്ന മഹാത്മാ ഹൈസ്കൂളിന്റെ റോഡ് വക്കത്തുള്ള വിശാലമായ കളിസ്ഥലം. അവിടെ വലിയ ഒരു ജനക്കൂട്ടം ക്ഷമയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങാൻ പോകുന്ന ഭഗവാനെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.
റോഡിൽ നിന്നും തുറന്ന വലിയ മൈതാനത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഇടതു ഭാഗത്ത് ഒരു ചിറ കെട്ടിയതുപോലെ, നീളത്തിൽ,
ഗ്രൗണ്ടിൽ നിന്നും ഉയര്ന്ന ഒരു പ്രതലത്തിൽ, തികച്ചും അന്ധരായ കുറയേറെ മനുഷ്യർ ധ്യാനാവസ്ഥയിലേതു പോലെ ഇരിക്കുന്നുണ്ടായിരുന്നുഅതിൽ ഒരാളായി, കണ്ണുകൾ തുറന്ന്, ഞാനും ഇടം പിടിച്ചിരുന്നു.
പെട്ടെന്ന് അതാ, ഒരു ഹെലികോപ്റ്റർ പറന്ന് താഴ്ന്ന് നിന്നു. എവിടെയും നിശ്ശബ്ദത ആയിരുന്നു.
ഭഗവാൻ സാവകാശം നിലത്ത് പാദങ്ങൾ ഉറപ്പിച്ച് ഇറങ്ങി, കൈകൾ ഉയർത്തി അനുഗ്രഹിച്ചുകൊണ്ട് എന്റെ സമീപത്തേയ്ക്കാണ് വന്നത്!
കൈകൾ കൂപ്പി എഴുന്നേറ്റു നിന്ന എന്നെ നോക്കി ഒരു മധുരമായ മന്ദസ്മിതം തൂകി സ്വാമി കൈകൾ അന്തരീക്ഷത്തിൽ വീശി സാമാന്യം വലിയ ഒരു സുവർണ്ണ തളിക ഉണ്ടാക്കി എന്റെ കൈയ്യിൽ തന്നു.
വീണ്ടും അതാ, ആ കൈകൾ ഉയർത്തി ഒരു വലിയ ആപ്പിൾ തളികയിൽ വച്ചു തരുന്നു.
അത്ഭുത പരതന്ത്രനായി നിന്ന എന്നെ നോക്കി അദ്ദേഹം ഉച്ചരിച്ച വാക്കുകൾ ഇന്നും ശിരാപടലങ്ങളിൽ ഒരു മധുര മന്ത്ര ധ്വനി പോലെ മുഴങ്ങുന്നുണ്ട്.
അദ്ദേഹം സംസാരിച്ചത് ശുദ്ധ ആംഗലേയ ഭാഷയിലായിരുന്നു.
“ഡോൺറ്റ് ഈറ്റ് ഇറ്റ്! പ്രിസേർവ്വ് ഇറ്റ്!…”
(Don’t eat it; preserve it!)
അതായത്, ഇത് സൂക്ഷിച്ചു വയ്ക്കുക; തിന്നരുത്!!
ഇത്രയും പറഞ്ഞ് കൈകൾ ഉയർത്തി അനുഗ്രഹിച്ചിട്ട് ഭഗവാൻ വന്ന വഴി തന്നെ മൈതാനത്തിന്റെ മദ്ധ്യത്തിലേയ്ക്ക് നടന്നു നീങ്ങി.
മനസ്സു നിറയെ തിളങ്ങുന്ന സ്വർണ്ണ തളികയും അതിനുളളിലെ ഒരു ആപ്പിൾ പഴവും!
എന്തുകൊണ്ടാണ് ഭഗവാൻ തളികയിൽ വച്ചുതന്ന ഫലം, തിന്നാതെ കാത്തുസൂക്ഷിക്കണം എന്ന് പറഞ്ഞത്?
അതിന്റെ പിന്നിൽ ദുരൂഹമായ ഒരു ആദ്ധ്യാത്മിക സത്യം ഒളിഞ്ഞിരിക്കുന്നുണ്ടാവാം…
വർഷങ്ങൾക്ക് ഇപ്പുറം ഇന്ന്,
അത് ഇനിയും വേണ്ടതുപോലെ മനസ്സിലാക്കി വരുന്നതേയുള്ളു!
ഞാൻ ചെയ്ത കർമ്മങ്ങൾ എന്താണ്? അതിന്റെ ഫലം ആണെങ്കിൽ,
എന്തിന് അത് ഒരു സ്വർണ്ണ തളികയിൽ
വച്ച് തന്നു?
തളിക അതി മനോഹരം. ഫലവും അതേ പോലെ തന്നെ!
രണ്ടും മോഹിപ്പിക്കുന്നതും!…
എന്താണ് സായിബാബ തന്ന സന്ദേശം?
ഇന്നും എന്നും അത് ധ്യാനസമാധിയിലേയ്ക്ക് നയിക്കുന്ന ഒരു സ്വപ്നവും മനനം ചെയ്യേണ്ട ഒരു ആദ്ധ്യാത്മിക സന്ദേശവും ആയി തുടരുന്നു!
ഓം സായിറാം🙏
( രവീന്ദ്രനാഥ് 9/2026 )












