നർമ്മം

ദൈവത്തിനെ തേടി

……

ദൈവത്തിനെ തേടി….
🌻

നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽ
സ്വർഗ്ഗത്ത് ചെന്നപ്പോൾ
കണ്ട കാഴ്ച്ച
മൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെ
നീണ്ട നിരയാണ്.

കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരും
നഗ്നരും
പലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും കണ്ണടച്ചിരുന്നവരുമായിരുന്നൂ …

കുറെ ഏറെ നേരം നിന്ന് പരവശനായ ഈ ഞാൻ അടുത്ത് നിന്ന ദൈവത്തിനെ തേടിവന്ന ആളിനോട് ചോദിച്ചു:

“സ്വാമിൻ! ദൈവത്തെ ഇപ്പോ എങ്ങാനും ഒന്ന് കാണാൻ പറ്റ്വോ?..”

മേപ്പടിയാൻ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ ഒന്ന് തുറിച്ചുനോക്കി തീഷ്ണതയോടെ മലയാളത്തിൽ തന്നെ
പറഞ്ഞു,
“ക്ഷമ വേണം, നല്ല ക്ഷമ!
കൂടാതെ കുലുങ്ങാത്ത ഉറച്ച
വിശ്വാസവും. താങ്കൾക്ക് ഇത് രണ്ടും അശേഷം ഇല്ല!.. “

അല്പ നിമിഷങ്ങൾ കഴിഞ്ഞ് മേപ്പടിയാൻ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു:

“വിഷമിക്കേണ്ട, ദൈവം ഭുമി വരെ ഒന്ന് പോയിട്ട് ദേ ഇങ്ങട് വന്നോണ്ടിരിക്കുവാ! ..
കണ്ണടച്ച് ധ്യാനിച്ചോളൂ!
ആ രൂപം അങ്ങനെ മനസ്സിൽ തെളിയട്ടെ…”

ച്ഛേ! സ്വർഗ്ഗം കിട്ടിയ വാശിക്ക് ഉടൻ തന്നെ ഇങ്ങോട്ട് വച്ച് പിടിക്കണ്ടായിരുന്നു…

ഈ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ സമയവും ഭൂമീലെ മനുഷ്യന്റെ സമയവും
എങ്ങനെയാണ് മാച്ചാവുക!

സ്വർഗ്ഗത്ത് ഇത്ര നാൾ പാട് പെട്ട് വന്നും പോയി, ഇനി എന്താ ചെയ്ക! അങ്ങോരെ കണ്ടിട്ടു തന്നെ ബാക്കി കാര്യങ്ങൾ…

അതുവരെ നേരംപോക്കിന്
എന്താ വഴി?..
തന്നെ ഉപദേശിച്ച
സ്വാമിയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു .
“സ്വാമി! എനിക്ക് നല്ല വിശപ്പ് ഉണ്ട് . ഒന്ന് കുളിക്കണം, വസ്ത്രം മാറണം. എന്താ ചെയ്ക?”
സ്വാമി തന്റെ തല ചൊറിഞ്ഞ് അല്പം ആലോചിച്ചിട്ട് പറഞ്ഞു;
“താങ്കൾ ഒരു നാല് കാതം പിറകോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് വലത്തോട്ട് വീണ്ടും
നടക്കുമ്പോൾ വലത്ത് ഭാഗത്ത് കടകളുടെ ഒരു നിര കാണാം. രണ്ടാമത്തെ കടയിൽ കുട്ടൻ ആരാണ് എന്ന് തിരക്കുക .
കുട്ടൻ നിങ്ങളെ സ്വാമീന്റെ ആശ്രമത്തിൽ എത്തിക്കും.”

“സ്വാമി എനിക്ക് ആശ്രമങ്ങൾ വേണ്ടേ വേണ്ട, താമസ്സ സൗകര്യവും ഭക്ഷണവും ഒക്കെ ആണ് ആവശ്യം..”

“എല്ലാം അവിടെ കിട്ടും. ഏടേ!
സ്വർഗ്ഗത്ത് കിട്ടാത്തത് എന്താണ്?
ആശ്രമം ഞങ്ങൾക്ക് സ്വർഗ്ഗം ആണ്! ദൈവം വരെ തങ്ങുന്ന ഇടമാണ്. ധൈര്യമായി പൊയ്ക്കോളൂ …
ദൈവം ഇവിടെ എത്തുമ്പോൾ കുട്ടനെ വിട്ട് ഞാൻ വിളിപ്പിക്കാം…”

ഞാൻ പൊടുന്നനെ തിരിഞ്ഞു നടക്കുമ്പോൾ ആരോ പിറകിൽ നിന്നും ചോദിച്ചു
“കൈയ്യിൽ കാശുണ്ടോ!”

കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരങ്ങളും അംബരചുംബികളായ മണിമന്ദിരങ്ങളും കോട്ടകൊട്ടത്തളങ്ങളും
ക്ഷേത്രങ്ങളും കണ്ട് ഞാൻ വീണ്ടും നടന്നു.

( രവീന്ദ്രനാഥ് /2019 )

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു